Wednesday, April 8, 2009

“ആമേൻ” -സിസ്റ്റർ ജെസ്മി പറയാനാഗ്രഹിയ്ക്കുന്നതെന്ത്?


മൂന്നു പതിറ്റാണ്ടിലേറെ നീണ്ട സന്ന്യാസ ജിവിതത്തിനു ശേഷം ,സിസ്റ്റർ ജെസ്മി ,സിം.എം സി ( കോൺഗ്രിഗേഷൻ ഓഫ് മദർ ഓഫ് കാർമൽ)യിൽ നിന്നും വിടുതൽ ലഭിയ്ക്കുന്നതിനുള്ള അപേക്ഷ നൽകി മഠം വിട്ടുപോന്നു.2008 ആഗസ്റ്റ് 31 നു ആയിരുന്നു അത്.ദീർഘകാലം അദ്ധ്യാപിക കൂടിയായിരുന്ന അവർ അതിൽ തന്നെ 3 വർഷം തൃശ്ശൂർ വിമലാ കോളേജിൽ പ്രിൻസിപ്പലായും 3 വർഷം സെന്റ് മേരീസ് കോളേജിൽ പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചു.അധികാരികളിൽ നിന്നുള്ള പീഠനം സഹിയ്ക്കവയ്യാതെ ആയപ്പോൾ അവർ എടുത്ത ഈ തീരുമാനം ഉയർത്തിയ അലകൾ ഇപ്പോളും ഇല്ലാതായിട്ടില്ല. ഈ കടുത്ത തീരുമാനത്തിലേയ്ക് തന്നെ നയിച്ച സംഭവ പരമ്പരകൾ വ്യക്തമാക്കിക്കൊണ്ട് സിസ്റ്റർ ജെസ്മി എഴുതിയ ആത്മകഥ “ആമേൻ”ഫെബ്രുവരിയിൽ പുറത്തുവന്നു..അഡ്വ:കെ.ആർ ആശയുടെ സഹായത്തോടെ ( പ്രധാനമായും പരിഭാഷയിൽ) രചിച്ചിട്ടുള്ള ഈ 183 പേജുകളുള്ള ഈ ആത്മകഥ പ്രസിദ്ധീകരിച്ചിരിയ്ക്കുന്നത് ഡി.സി.ബുക്സ് ആണ്.വില 100 രൂപ.2009 ഫെബ്രുവരിയിൽ ആദ്യ പതിപ്പ് പുറത്തിറക്കിയ ഈ പുസ്തകത്തിന്റെ അഞ്ചു പതിപ്പുകളാണു ഒരു മാസത്തിനുള്ളിൽ വിറ്റഴിഞ്ഞത്.



ഈ ആത്മകഥയുടെ അവലോകനത്തിലേയ്ക്ക് കടക്കും മുൻപ് കഴിഞ്ഞ കാലങ്ങളിൽ, കന്യാസ്ത്രീകളുമായി ബന്ധപ്പെട്ടതും കേരളീയ സമൂഹത്തെ പിടിച്ചുലച്ചതുമായ ചില സംഭവവികാസങ്ങൾ എന്തൊക്കെയായിരുന്നുവെന്നു നോക്കാം



1:സിസ്റ്റർ അഭയയുടെ കൊലപാതകം.പതിനേഴ് വർഷം കഴിഞ്ഞിട്ടും ഇനിയും തെളിയിയ്ക്കപ്പെടാതെ കിടക്കുന്ന കേസാണ്.എങ്കിലും ഏതൊക്കെ ദുരൂഹ സാഹചര്യങ്ങളാണു ഈ കൊലയിലേയ്ക്ക് നയിയ്ക്കപ്പെട്ടത് എന്നത് കേരളീയ സമൂഹത്തിന്റെ മുന്നിൽ വ്യക്തമാക്കി കഴിഞ്ഞിട്ടുണ്ട്.



2:അഞ്ചുമാസങ്ങൾക്കു മുൻപാണു ആലപ്പുഴയിലുള്ള 37 കാരിയായ ഒരു സിസ്റ്റർ ഉൾപ്പെട്ട ലൈംഗിക വേഴ്ചയുടെ കാഴ്ചകൾ എം.എം.എസ് വഴി ലോകമെങ്ങും പ്രചരിപ്പിച്ചത്.ഒരു ആശുപത്രിയിലെ റിസപ്ഷനിസ്റ്റായി ജോലി നോക്കിയിരുന്ന ഈ സിസ്റ്റർ ഒരു ഡ്രൈവറുമായി പ്രണയത്തിലാവുകയും പിന്നിടു അയാളുടെ വഞ്ചനയ്ക്കിരയായി ഈ ഫിലിം ചിത്രീകരണത്തിന്റെ ഇരയായി തീരുകയുമായിരുന്നു.സഭയിൽ നിന്നും പറഞ്ഞുവിട്ട ഈ കന്യാസ്ത്രീ ഇന്നെവിടെയാണെന്നോ എങ്ങനെ ജീവിയ്ക്കുന്നുവെന്നോ ആർക്കും അറിയില്ല.



3:കഴിഞ്ഞ വർഷം ആഗസ്റ്റിലാണു, കൊല്ലം ജില്ലയിലെ സിസ്റ്റർ അനുപമാ മേരി കോൺ‌വെന്റിലെ സ്വന്തം റൂമിൽ തൂങ്ങിമരിച്ചത്.അവരുടെ മുറിയിൽ നിന്ന് കിട്ടിയ നോട്ടിൽ തന്റെ മരണത്തിനു ഉത്തരവാദി കോൺ‌വെന്റിലെ മദർ സുപ്പിരിയർ ആയ സിസ്റ്റർ അൽബീന ആണെന്ന് പറഞ്ഞിരുന്നു.സിസ്റ്റർ അനുപമയുടെ പിതാവു നൽ‌കിയ പരാതിയിൽ മദർ സുപ്പീരിയർ തന്റെ മകളെ ലൈംഗികമായി പീഠിപ്പിച്ചിരുന്നതാ‍യി പറയുന്നു.എന്നു മാത്രമല്ല ഈ വിവരം സിസ്റ്റർ അമ്മയോടും സഹോദരിയോടും പറയുകയും ചെയ്തിരുന്നുവത്രേ.പോലീസ് കേസെടുത്തെങ്കിലും അന്വേഷണം ഒച്ചിഴയുന്ന പോലെയാണ്.



4:കോട്ടയത്തെ ഒരു കോൺ‌വെന്റ് റൂമിൽ വിഷം കഴിച്ച് മരിച്ച നിലയിൽ കാണപ്പെട്ട സിസ്റ്റർ ലിസ യുടെ മരണക്കുറിപ്പിൽ മരണകാരണമായി എഴുതപ്പെട്ടിരുന്നത് “ ജീവിതത്തിൽ ഉണ്ടായ നിരാശ “ എന്നതായിരുന്നു.



മേൽ‌പ്പറഞ്ഞ വിവിധങ്ങളായ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ വേണം സിം.എം സി സഭയിൽ നിന്നുള്ള സിസ്റ്റർ ജെസ്മിയുടെ വിട്ടു പോരലിനേയും കാണേണ്ടത്.സഭയിൽ നിന്നു വിട്ടുപോരാൻ തീരുമാനമെടുത്തശേഷം ഡൽ‌ഹിയിൽ നിന്നു എറണാകുളത്തേയ്ക്കുള്ള തീവണ്ടി യാത്രയിൽ കഴിഞ്ഞ കാല സംഭവങ്ങൾ ഓർക്കുന്ന രീതിയിലാണു ഈ കൃതി രചിച്ചിട്ടുള്ളത്.ആരേയും വേദനിപ്പിയ്ക്കാൻ ആഗ്രഹമില്ലാത്തതുമൂലം ഈ ആത്മകഥയിൽ വ്യക്തികളുടെ യഥാർത്ഥ പേരുകൾ ഉപയോഗിച്ചിട്ടില്ല.ഇതിനെക്കുറിച്ച് സിസ്റ്റർ ജെസ്മി ഇങ്ങനെ എഴുതുന്നു:“ഇതിൽ സത്യം മാത്രമേ പറഞ്ഞിട്ടുള്ളൂ എന്ന് നെഞ്ചിൽ കൈ വച്ചു കൊണ്ട് ഈശോയുടെ തിരുമുഖത്തു നോക്കി സധൈര്യം,സവിനയം പറയാൻ കഴിയും.അപ്രിയ സത്യങ്ങളും പരാമർ‌ശിയ്ക്കേണ്ടി വന്നിട്ടുണ്ട്.എന്നാൽ ചില സത്യങ്ങൾ പരിമിതി മൂലം വെളിപ്പെടുത്തിയിട്ടില്ല”.

എന്തുകൊണ്ട് ഇത്തരം ഒരു ആത്മകഥ രചിക്കേണ്ടി വന്നു എന്നതിനെക്കുറിച്ച് സിസ്റ്റർ ജെസ്മി ഇങ്ങനെ എഴുതുന്നു.:“തങ്ങളുടെ നേർ‌നടുവിൽ സ്ഥിതി ചെയ്യുന്ന കാരാഗൃഹതുല്യമായ അടച്ചുകെട്ടിനുള്ളിൽ എന്താണു സംഭവിയ്ക്കുന്നതെന്നറിയാനുള്ള അവകാശം സമൂഹത്തിനുണ്ട്.......അവർ( സന്യസ്തർ)തങ്ങളുടെ ചുറ്റുമുള്ള ആളുകളുടെ ജീവിതത്തിന്റെ നാനാ വശങ്ങളിലേയ്ക്കും കടന്നു ചെന്നു പഠിപ്പിക്കുകയും വഴികാട്ടുകയും പ്രകോപിപ്പിയ്ക്കുകയും സാന്ത്വനിപ്പിയ്ക്കുകയും ചെയ്യുന്നു.എന്നിട്ടും അതേ ആളുകൾക്ക് അവർ നിഗൂഢരായി അവശേഷിയ്ക്കുന്നു”



ജെസ്മി തുടരുന്നു.”സാധാരണ കാര്യങ്ങളിൽ പോലും നാമിത്രമാത്രം രഹസ്യം സൃഷ്ടിയ്ക്കുന്നതെന്തിനാണ്’ എന്നതാണ് എന്റെ ആവർത്തിച്ചുള്ള ചോദ്യം......യേശുവിന്റെ ‘മാർഗ’ത്തിലാണു നാം നീങ്ങുന്നതെങ്കിൽ മറയ്ക്കാൻ യാതൊന്നുമില്ല....................സമൂഹവുമായി ബന്ധപ്പെട്ട കാര്യങ്ങൾ മറ്റുള്ളവരുമായി പങ്കുവയ്ക്കപ്പെടേണ്ടതുണ്ട്.നമ്മുടെ പ്രവർത്തനങ്ങളിൽ അനീതിയും നെറികേടും അന്യായവും ആയ ഇടപാടുകളുള്ളപ്പോൾ മാത്രമാണു രഹസ്യമാക്കി വയ്ക്കാനുള്ള പ്രവണത ഉദിയ്ക്കുന്നത്.


താൻ കൂടി അംഗമായിരുന്ന സഭയിൽ നടന്നിരുന്ന ഇത്തരം നെറികേടുകളും അന്യായവും അസന്മാർഗിക പ്രവർത്തികളും എല്ലാം ഉദാഹരണ സഹിതം സിസ്റ്റർ ജെസ്മി ഈ പുസ്തകത്തിൽ അക്കമിട്ടു നിരത്തുന്നുണ്ട്.അവയെ ഒക്കെ ചോദ്യം ചെയ്യുകയോ അല്ലെങ്കിൽ അത്തരം ഹീന പ്രവർത്തികൾക്ക് കൂട്ടു നിൽ‌ക്കുകയോ ചെയ്യാതിരിയ്ക്കുകയോ ഉണ്ടായതുകൊണ്ടാണു സഭ സിസ്റ്റർ ജെസ്മിയ്ക്കു നേരെ തിരിഞ്ഞത്.മഠത്തിലും ജോലി സ്ഥലത്തും അവരെ നിശബ്ദയാക്കുകയോ അല്ലെങ്കിൽ അവരുടെ തലയ്ക്കു മീതെ കാര്യങ്ങൾ നീക്കുകയോ ചെയ്തു.അവസാനം അവരെ നിർബന്ധിതമായി മാനസിക രോഗ ചികിത്സയ്ക്കു വിധേയയാക്കാൻ പല വട്ടം സഭ ശ്രമിച്ചതായി കാണാം.സ്വന്തം കീഴ്‌ജീവനക്കാരുടേയും കുട്ടികളുടേയും മുന്നിൽ അവർ അപഹാസ്യയാക്കപ്പെട്ടു.




തൃശ്ശൂരിലെ സാമാന്യം ഭേദപ്പെട്ട കുടുംബത്തിൽ ജനിച്ച സിസ്റ്റർ ജെസ്മി ( Jesus and Me എന്നതിന്റെ ചുരുക്കെഴുത്തിലൂടെയാണു ജെസ്മി ഉണ്ടാകുന്നത്) സ്വയം ഉണ്ടായ ദൈവ വിളിയിലൂടെയാണു കന്യാസ്ത്രീ ആകാൻ തീരുമാനിച്ചത്.ഏതൊരു സാധാരണ പെൺ‌കുട്ടിയേയും പോലെ ജീവിതം നയിച്ചിരുന്ന സിസ്റ്റർ ജെസ്മി ഈശോയോടൂണ്ടായ അടക്കാനാവാത്ത അഭിനിവേശം മൂലമാണു ഈ തീരുമാനമെടുത്തത്.സ്വാഭാവികമായും അവരുടെതു പോലുള്ള കുടുംബത്തിൽ നിന്നു അത്തരമൊരു തീരുമാനത്തിനെതിരെ എതിർപ്പുണ്ടാവുകയാണു ചെയ്തത്.എന്നാൽ അവസാനം പല പല പ്രതി സന്ധികൾ തരണം ചെയ്ത് 1981 ൽ നിത്യവ്രതം സ്വീകരിയ്ക്കുകയാണുണ്ടായത്.അന്നും അതിനു തൊട്ടു മുൻ‌പുള്ള വർഷങ്ങളിലും സഭയിലും കന്യാസ്ത്രീ മഠങ്ങളിലും അവർ കാണേണ്ടിയും കേൾക്കേണ്ടിയും വന്നത് അവരുടെ സങ്കല്പത്തിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു ലോകമായിരുന്നു.ഈ പുസ്തകത്തിൽ അവർ പറയുന്ന അത്തരം ചില കാര്യങ്ങളിലൂടെ ഒന്നു കണ്ണോടിയ്ക്കാം.



സമൂഹത്തിന്റെ വെള്ളപ്പരപ്പിലാണെങ്കിലും അതിൽ നിന്നും അല്പം ഉയർ‌ന്നു നിൽ‌ക്കുന്ന വെള്ളത്താമര പോലെയാണു കന്യാസ്ത്രീ ജീവിതം എന്ന് പുസ്തകത്തിൽ പറയുന്നു.എന്നാൽ നാം കാണും പോലെ സുന്ദരവും സുരഭിലവുമാണോ ആ ജീവിതം?നമുക്ക് സിസ്റ്ററിന്റെ വാക്കുകളിൽ കൂടി തന്നെ കാണാം.മഠത്തിലെ അന്തരീക്ഷത്തെക്കുറിച്ച് അവർ എഴുതിയ ചില വാക്കുകൾ കാണുക.



എന്നെ പഠിപ്പിച്ചിരുന്ന ടീച്ചറായിരുന്ന ഒരു സീനിയർ സിസ്റ്റർ മാസധ്യാനത്തിലെ പ്രാർത്ഥനകളിൽനിന്നും മന:പൂർവ്വം ഒഴിഞ്ഞു നിൽ‌ക്കുന്നതു കണ്ട് ഞാൻ അത്ഭുതപ്പെട്ടു.



അവിടെയുള്ള ഒട്ടു മിക്ക കന്യാസ്ത്രീകളും ജോഡികളായിരുന്നു.അവർ ഒരുമിച്ചു നടക്കുന്നു,ഉണ്ണുന്നു,പണിയെടുക്കുന്നു,വിനോദിയ്ക്കുന്നു,കുളിമുറി വാതിൽ വരെ അവർ ഒന്നിച്ചു തന്നെ.



ഇരു ചേരികളും ധാരാളം അനുയായികളുമായി പരസ്പരം യുദ്ധം നടത്തുന്ന രണ്ടു വ്യത്യസ്ത ഗ്രൂപ്പുകൾ അവിടെ പ്രവർത്തിച്ചിരുന്നു.ഏതെങ്കിലും ഒരു ഗ്രൂപ്പിൽ ചേർന്നില്ലെങ്കിൽ ഒരാൾക്കും അവിടെ സമാധാനപൂർണ്ണമായി ജീവിയ്ക്കാൻ കഴിയുമായിരുന്നില്ല.



അതു പോലെ തന്നെ അദ്ധ്യാപികയായി ജോലിയിൽ പ്രവേശിയ്ക്കാനുള്ള ഓർഡർ അനുസരിച്ച് ഒക്ടോബർ 21 ചേർന്നതിനുശേഷം, ദിവസങ്ങൾക്കുശേഷം ഒക്ടോബർ 14 നു ചേരാനുള്ള മറ്റൊരു ഓർഡർ കൊണ്ടുവന്നു കാട്ടി ,14 മുതലുള്ള എല്ലാ കള്ളികളിലും ഒപ്പിടാൻ സൂപ്രണ്ട് നിരബന്ധിച്ചതനുസരിച്ച് ( അനുസരണ വ്രതത്തിന്റെ സമയത്ത്) ചെയ്തതിനെക്കുറിച്ച് ജെസ്മി ഇങ്ങനെ എഴുതുന്നു .”അദ്ധ്യാപനമെന്ന കുലീനമായ ജോലി ഞാനാരംഭിച്ചത് കളവായ ഒപ്പുകളോടെയാണല്ലോ എന്നതാണു എന്റെ ഏറ്റവും വലിയ ദു:ഖം”



അതുപോലെ തന്നെ കോൺ‌വെന്റിലെ ധ്യാനം നയിച്ച ധ്യാനഗുരുവായ അച്ചൻ കുമ്പസാരത്തിനു ഒറ്റയ്ക്കൊറ്റയ്ക്കു ചെന്ന ഓരോ കന്യാസ്ത്രീയേയും ചുംബിച്ചു തിരിച്ചയച്ചതും അതിനെ ജെസ്മി അദ്ദേഹത്തിനോടു തന്നെ എതിർത്തതും അവസാനം അദ്ദേഹം ജെസ്മിയുടെ വാദങ്ങൾ അംഗീകരിച്ചതും ഇതിൽ വിവരിയ്ക്കുന്നു.



സിസ്റ്റർ ജെസ്മി എഴുതുന്നു:“ഏതെങ്കിലും രണ്ടു കന്യാസ്തീമാർ തമ്മിൽ അടുത്താൽ ഉടനെ ആ ബന്ധം ‘പ്രത്യേക സ്നേഹം’ ആയി വ്യാഖ്യാനിയ്ക്കപ്പെടും.....ഇതിനെ ഉടനെ നിരീക്ഷിയ്ക്കാനും അതിലെ ‘പ്രത്യേക സ്നേഹം ‘ കണ്ടു പിടിയ്ക്കുന്നതിനും സ്വയം നിയോഗിച്ചവർ ഉണ്ട്.



എന്നാൽ ഇത്തരം ബന്ധങ്ങൾ കോൺ‌വെന്റിനുള്ളിൽ അത്ര അസാധാരണമല്ല എന്നു കൂടി സിസ്റ്റർ ജെസ്മി എഴുതുന്നുണ്ട്.സിസ്റ്റർ ജെസ്മിയുടെ ഈ വെളിപ്പെടുത്തലുകൾ നമ്മുടെ മുന്നിൽ വലിയൊരു ചോദ്യചിഹ്നമാണു ഉയർത്തുന്നത്.സമൂഹത്തിലെ സാമാന്യജനങ്ങളിൽ നിന്നും ഒരു പടി ഉയർന്നു നിൽക്കുന്ന മത പുരോഹിത വിഭാഗങ്ങളുടേതായ ലോകം സാധാരണ മനുഷ്യരിൽ നിന്നും എത്ര വിഭിന്നരാണ്?നിത്യ ബ്രഹ്മചര്യവും നിത്യ കന്യകാത്വവും നിർബന്ധിതമാക്കിയിരിയ്ക്കുന്ന കത്തോലിക്ക സഭയുടെ അകത്തളങ്ങളിൽ എല്ലാം ഭദ്രമാണോ?കുട്ടികളെ പഠിപ്പിയ്ക്കുകയും സമൂഹത്തിലെ മനുഷ്യനു വേദോപദേശം നൽ‌കുകയും ചെയ്യുന്ന പുരോഹിത വർഗത്തിന്റെ ഇടയിലെ മൂല്യബോധം എത്ര ഉയർന്നതാണ്?സാധാരണ ജനതയെ കാർന്നു തിന്നുന്ന അഴിമതിയും,സ്വജന പക്ഷ പാതവും ലൈംഗിക അരാചകത്വവും എത്രത്തോളം ഈ സന്യാസസമൂഹങ്ങളിൽ വ്യാപിച്ചിരിക്കുന്നുവെന്നതിന്റെ തെളിവു കുടിയാണു ഈ അത്മകഥ.സാധാരണ ജനങ്ങളിൽ നിന്ന് ഒട്ടും തന്നെ വ്യത്യസ്തരല്ല അവർ എന്നാണു ഈ പുസ്തകം നമുക്കു കാട്ടിത്തരുന്നത്.മാനുഷികമായ എല്ലാ വികാരങ്ങൾക്കും അവർ അടിപ്പെട്ടിരിയ്ക്കുന്നു, എന്നു മാത്രമല്ല, നമ്മുടെ സമൂഹത്തിനെ കാർന്നു തിന്നുന്ന അഴിമതി ഇവരുടെ നേതൃത്വത്തിൽ പടർന്നു പിടിച്ചിരിയ്ക്കുന്ന ഒരു മാരക രോഗമായി മാറിക്കഴിഞ്ഞിരിയ്ക്കുന്നു.അതിനെതിരെ ആരെങ്കിലും ശബ്ദിച്ചു പോയാൽ ഇനിയൊരിയ്ക്കലും ഉയരാത്ത വിധം അത്തരം നാവുകളെ അറുത്തു കളയാൻ ഏതറ്റം വരേയും പോകും എന്നതിന്റെ ജീവിയ്ക്കുന്ന തെളിവാണു സിസ്റ്റർ ജെസ്മി.




2008 ഡിസംബർ 21 ലെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ശ്രീമതി ജി.ഉഷാകുമാരിയും,ബാബുരാജ് ബി.എസും സിസ്റ്റർ ജെസ്മിയുമായി നടത്തിയ അഭിമുഖം പ്രസിദ്ധീകരിച്ചിട്ടുണ്ട്.ആ അഭിമുഖത്തിലെ പ്രസക്തഭാഗങ്ങളും നമുക്ക് ഇതിനോടൊപ്പം കൂട്ടി വായിക്കാവുന്നതാണ്.അതിൽ അവർ ഇങ്ങനെ പരയുന്നു.”എന്റെ സ്വാതന്ത്ര്യബോധം മാനസിക രോഗമായിട്ടാണു മഠം അധികാരികൾക്ക് തോന്നിയത്.മാനസികരോഗത്തിനു മരുന്നു നൽ‌കാൻ നിർബന്ധപൂർവം ശ്രമിച്ചപ്പോളാണ് ഞാൻ പെട്ടെന്ന് മഠം ഉപേക്ഷിച്ചത്.”




അനുസരണ വ്രതം, ബ്രഹ്മചര്യ വ്രതം,ദാരിദ്ര്യവ്രതം എന്നീ മൂന്നു വ്രതങ്ങളാണു പ്രധാനമായും ഒരു കന്യാസ്ത്രീ അനുഷ്ഠിയ്ക്കേണ്ടത്.എന്നാൽ ഈ മൂന്നു വ്രതങ്ങളുടേയും നഗ്നമായ ലംഘനം എങ്ങനെ സഭയ്ക്കുള്ളിൽ നടക്കുന്നു എന്ന് “ആമേനി’ലൂടെ സിസ്റ്റർ ജെസ്മി വെളിവാക്കുന്നു.നിയമന ഉത്തരവിലെ തീയതി മാറ്റി ഇല്ലാ‍ത്ത ദിവസങ്ങളിലെ ഒപ്പിടാൻ പ്രേരിപ്പിച്ചതും, സഭയുടെ മറ്റെല്ലാ അഴിമതികൾക്കും കൂട്ടു നിൽ‌ക്കാൻ നിരബന്ധിയ്ക്കുന്നതും എല്ലാം അനുസരണവ്രതത്തിന്റെ മറവിലാണ്.പട്ടിക ജാതി -വർഗ വിഭാഗങ്ങൾക്കുള്ള സംവരണം കോളേജ് അഡ്മിഷൻ സമയത്ത് സഭ എങ്ങനെ തട്ടിയെടുക്കുന്നു എന്ന് ഈ പുസ്തകത്തിൽ ജെസ്മി വിവരിയ്ക്കുന്നു.അതുപോലെ കാപിറ്റേഷൻ ഫീ വാങ്ങുന്നതിനെ ചെറുത്തതിനു സഭയുടെ നേതൃത്വത്തിൽ നിന്നുണ്ടായ പീഡാനുഭവങ്ങളും ഈ പുസ്തകത്തിൽ ജെസ്മി വിവരിയ്ക്കുന്നു.അവർ പ്രിൻസിപ്പൽ ആയിരുന്ന സെന്റ് മേരീസ് കോളെജിൽ മാനേജ്‌മെന്റ് ക്വാട്ടയിൽ ക്യാപിറ്റേഷൻ ഫീസ് ഈടാക്കാനുള്ള സഭാ നേതൃത്വത്തിന്റെ നിലപാടിനെ എതിർത്തു നിന്നതാണു അഴിമതിയിൽ മുങ്ങിക്കുളിച്ച സഭയുടെ തലപ്പത്തുള്ളവരെ പെട്ടെന്നു ചൊടിപ്പിച്ചത്.’പാപത്തെ വെറുത്ത് പാപിയെ സ്നേഹിയ്ക്കാൻ’പഠിപ്പിയ്ക്കുന്ന ബൈബിളിൽ വിശ്വസിയ്ക്കുന്ന സിസ്റ്റർ ജെസ്മി, നളിനി ജമീലയുടെ ആത്മകഥാ പ്രകാശനം നടത്താമെന്നേറ്റതും സഭയെ ചൊടിപ്പിച്ചു.അനുസരണവ്രതത്തിന്റെ പേരിൽ ആ ചടങ്ങിൽ നിന്ന് അവരെ വിട്ടുനിർത്താൻ സഭയ്ക്കു കഴിഞ്ഞു.അതുപോലെ തന്നെ കുട്ടികളൂടെ വിവിധങ്ങളായ സാംസ്കാരിക പരിപാടികളുടെ നേതൃത്വം ഏറ്റെടുത്തതും സിസ്റ്ററിനെ സഭയുടെ കണ്ണിലെ കരടാക്കി മാറ്റി.അവർക്കു മാനസിക രോഗമാണെന്ന് പ്രചരിപ്പിയ്ക്കാ‍ൻ സഭ തയ്യാറായി എന്നറിയുമ്പോളാണു കത്തോലിക്കാ സഭാ ചെന്നുപെട്ടിട്ടുള്ള ചെളിക്കുണ്ടിന്റെ ആഴം നാമറിയുകയുള്ളൂ.




ബ്രഹ്മചര്യവ്രതമാണു ഏറ്റവും കൂടുതൽ ലംഘിയ്ക്കപ്പെടുന്നത്.ഈ പുസ്തകം ഏറെ ചർച്ച ചെയ്യപ്പെട്ടതും ഈ വിഷയത്തിന്റെ പേരിലാണ്.എപ്രകാരമാണു സ്വവർഗാനുരാഗവും, പ്രണയ ബന്ധങ്ങളും സന്യാസിനി സമൂഹത്തിൽ പടരുന്നത് എന്ന് ഇതിൽ പച്ചയായി വ്യക്തമാക്കപ്പെട്ടിരിയ്ക്കുന്നു.സ്വവർഗാനുരാഗിയായ ഒരു സീനിയർ സിസ്റ്ററുടെ നിരന്തരമായ ശല്യപ്പെടുത്തലുകൾ സഹിയ്ക്കവയ്യാതെ അവസാനം മറ്റു സിസ്റ്റേർ‌സിന്റെ കൂടി ഉപദേശമനുസരിച്ച് കുറച്ചു നാളത്തേയ്ക്കു അവർക്കു വഴങ്ങി കൊടുക്കേണ്ടി വന്ന സംഭവത്തെക്കുറിച്ച് ഇങ്ങനെ വിവരിയ്ക്കുന്നു.”രാത്രികളിൽ എല്ലാവരും ഉറങ്ങുന്ന സമയത്ത് അവർ എന്റെ കട്ടിലിലേയ്ക് നുഴഞ്ഞു കയറും.എന്നിട്ട് എന്നോടു ചെയ്യുന്ന അശ്ലിലമായ കാര്യങ്ങൾ എനിയ്ക്കു തടയാൻ കഴിയുമായിരുന്നില്ല...........ഗർഭിണിയാകാതിരിയ്ക്കുന്നതിനാണ് അവർ സ്വവർഗ ലൈംഗികത ആഗ്രഹിയ്ക്കുന്നത് എന്നാണ് അവർ പറഞ്ഞത്.നേരത്തെ ഉണ്ടാ‍യിരുന്ന കൂട്ടുകാരിയായ സിസ്റ്ററെക്കുറിച്ച് അവർ പറഞ്ഞത് ഇപ്രകാരമാണ്.അത്തരം ആവശ്യങ്ങൾക്കായി ആ സിസ്റ്റർ പുരോഹിതരുടെ അടുക്കൽ പോകാറുണ്ടെന്നും അവൾ ഗർഭിണി ആകാത്തതിൽ സിസ്റ്റർ വിമി( ഈ സീനിയർ സിസ്റ്റർ) അത്ഭുതപ്പെടുന്നുണ്ടെന്നും..”

ഈ വിഷയത്തിൽ പുരുഷന്മാരായ അച്ചന്മാരിൽ നിന്നുണ്ടായ അനുഭവങ്ങളും സിസ്റ്റർ തുറന്നെഴുതിയിട്ടുണ്ട്.ധാർവാഡിലേയ്ക്കുള്ള യാത്രാമദ്ധ്യേ ബാംഗ്ലൂരിൽ താമസമേർപ്പെടുത്തിയിരുന്നിടത്തെ അച്ചൻ സിസ്റ്ററിനെ വശീകരിയ്ക്കാൻ ചെയ്ത പ്രവർത്തികളും ,അവസാനം സ്വയം വിവസ്ത്രനായി അവരുടെ മുന്നിൽ സ്വയംഭോഗം ചെയ്തു കാണിച്ചതുമൊക്കെ തുറന്നെഴുതുമ്പോൾ , ആ അടിയുടെ ശക്തിയിൽ അഴിഞ്ഞു വിഴുന്നത് നൂറ്റാണ്ടുകളായി പാവപ്പെട്ട മനുഷ്യനെ ഉപദേശങ്ങളാൽ പറഞ്ഞു പറ്റിയ്ക്കുന്ന പുരോഹിത വർഗത്തിന്റെ മുഖം മൂടി തന്നെയാണ്.ഇത്തരം ബന്ധങ്ങളുടെ രക്തസാക്ഷിയാണ് ഞാൻ തുടക്കത്തിൽ പരാമർശിച്ച ആലപ്പുഴയിലെ സിസ്റ്റർ.




അതുപോലെ ദാരിദ്രവ്രതം.മാസ അലവൻസായി കിട്ടുന്ന 75 രൂപകൊണ്ട് അത്യാവശ്യത്തിനുള്ള വ്യക്തിപരമായ കാര്യങ്ങൾ നടത്താൻ പോലും പലരും വിഷമിയ്ക്കുമ്പോൾ മറ്റൊരു വിഭാഗം സഭയുടെ വസ്തുക്കൾ സ്വന്തം ഭവനങ്ങളിലേയ്ക്കു കടത്തുന്നതിൽ വ്യാപൃതരാണ്.ഒരു കൂട്ടർ എല്ലാ സുഖ സൌഭാഗ്യങ്ങളിലും ജീവിയ്ക്കുമ്പോൾ മറ്റുള്ളവർ ദാരിദ്യത്താൽ ഉഴറുന്നു.സ്വന്തമായി ഒരു ചെരിപ്പ് വാങ്ങാൻ വിഷമിച്ചിരുന്ന കഥ സിസ്റ്റർ ജെസ്മി ഹൃദയാവർജ്ജകമായി ഇതിലെഴുതുന്നു.



ഇതുകൂടാതെ സഭയിലെ ലിംഗ-വർണ്ണ-വർഗ്ഗ വിവേചനം എപ്രകാരം നിലനിൽക്കുന്നു എന്നും അറിയുക.കന്യാസ്ത്രീകൾ ദാരിദ്ര്യവ്രതത്തിൽ കഷ്ടപ്പെടുമ്പോൾ പുരുഷന്മാരായ അച്ചന്മാരുടെ സുഖജീവിതം അധികമാരും അറിയുന്നില്ല.ഈശോയുടെ ജീവിതകാലം മുഴുവൻ എല്ലാ വേദനകളിലും കൂടെ നിന്നിരുന്നത് സ്ത്രീകളായിരുന്നുവെങ്കിൽ, ഇന്നത്തെ സഭയിൽ സ്ത്രീകൾ രണ്ടാം കിട പൌരന്മാർ തന്നെ.വൈദികർക്കു സ്വകാര്യ സ്വത്തു അനുവദനീയമാണ്.മാത്രവുമല്ല അവർ അനുഭവിയ്ക്കുന്ന സ്വാതന്ത്ര്യം കന്യാ‍സ്ത്രീകൾ അനുഭവിയ്ക്കുന്നുമില്ല.അടച്ചു മൂടപ്പെട്ട ഒരു ജീവിതമാണവർ നയിക്കുന്നത്.പുരുഷ മേധാവിത്വം അവിടെ കൊടികുത്തി വാഴുന്നു.ഒരു സ്ത്രീ ദൈവദാസിയാകാൻ തീരുമാനിച്ചുകഴിഞ്ഞാൽ പിന്നെ അവളുടെ പരമ്പരാഗതമായ സ്വത്തുക്കളും സഭയുടേതാകുന്നു.എന്നാൽ ഏതെങ്കിലും കാരണത്താൽ അവൾക്ക് മഠത്തിൽ നിന്നു വിട്ടുപോരേണ്ടി വരുമ്പോൾ ഈ സ്വത്തുക്കളൊന്നും തിരികെ ലഭിയ്ക്കുന്നുമില്ല.അതുകൊണ്ട് തന്നെ അങ്ങനെ മടങ്ങി വരുന്നവരുടെ ജീവിതം നരക തുല്യമായി മാറുന്നു.ഇത്തരം എത്രയോ സംഭവങ്ങൾ നമ്മുടെ നാട്ടിൽ ഉണ്ടാകുന്നു.




അതുപോലെ തന്നെ മഠങ്ങളിൽ വർഗ പരമായ വ്യത്യാസങ്ങളും നിലനിൽക്കുന്നു.ഉന്നതകുലജാതരായ കന്യാസ്ത്രീകൾക്കും, പാവപ്പെട്ട വീടുകളിൽ നിന്നു വരുന്ന കന്യാസ്ത്രീകൾക്കും രണ്ടു തരം ജീവിതമാണു മഠം നൽകുന്നത്.പാവപ്പെട്ടവരും വിദ്യാഭ്യാസം കുറഞ്ഞവരുമായ കന്യാസ്ത്രീകൾ കടുത്ത വിവേചനമാണു അനുഭവിയ്ക്കുന്നത്.അവർക്കു നല്ല കസേരകളിൽ ഇരിയ്ക്കാനുള്ള സ്വാതന്ത്ര്യം പോലുമില്ല.



“ആമേൻ” നമുക്കു മുന്നിൽ തുറന്നിടുന്നത് പുരോഗമനത്തിന്റെ കുളിർകാറ്റിനെ അകത്തു കടക്കാനാവാത്ത വിധം വാതായനങ്ങൾ കൊട്ടിയടച്ച ഒരു സഭാ‍നേതൃത്വത്തെയാണ്.അതൊരു വല്ലാത്ത ലോകം തന്നെ.മനുഷ്യരിൽ നിന്നും ഒട്ടും ഉന്നതിയിലല്ലാതെ ജീവിയ്ക്കുകയും, എന്നാൽ പുറത്ത് സമൂഹത്തെ തെറ്റിദ്ധരിപ്പിച്ച സ്വന്തം നേട്ടങ്ങൾ മാത്രം ലക്ഷ്യമാക്കി പ്രവർത്തിയ്ക്കുന്ന സഭയാണു നമ്മുടെ മുന്നിലുള്ളത്.ഞാൻ ആദ്യം സൂചിപ്പിച്ച കന്യാസ്ത്രീകൾ ,അവരിൽ പലരുടേയും ദുരൂഹ മരണങ്ങളും , പ്രണയ ചാപല്യങ്ങളും എന്തിലേയ്ക്കാണു വിരൽ ചൂണ്ടുന്നത്?ഈ സന്യാസി സമൂഹങ്ങളിൽ എന്തെല്ലാമോ ചീഞ്ഞു നാറുന്നു എന്ന് തന്നെയല്ലേ?സ്വന്തം സമൂഹത്തിലെ തെറ്റുകൾ തിരുത്താത്ത ഇവരെങ്ങനെ വെളിയിലുള്ള സമൂഹത്തെ നന്നാക്കും? തിരുമാനമെടുക്കാനാവാത്ത പ്രായത്തിൽ കുടുംബക്കാരുടെ നിർബന്ധങ്ങൾക്കു വഴങ്ങി മഠങ്ങളിലെത്തിച്ചേരുന്ന പെൺകുട്ടികളാണു പിൽ‌ക്കാലത്ത് വഴി തെറ്റി പോകുന്നത്.




കേരളത്തിൽ തുടർച്ചയായി ഉണ്ടായിക്കൊണ്ടിരുന്ന ഇത്തരം സംഭവങ്ങളുടെ പശ്ചാത്തലത്തിലാണു കന്യാസ്ത്രീകളെ മഠത്തിൽ പ്രവേശിപ്പിയ്ക്കുന്ന പ്രായം കുറഞ്ഞത് 18 ആക്കണമെന്നും, വിട്ടു പോരുന്നവർക്കു സ്വത്തുക്കൾ തിരിച്ചു നൽകാൻ വ്യവസ്ഥ ഉണ്ടാകണമെന്നും വനിതാ കമ്മീഷൻ അഭിപ്രായം പ്രകടിപ്പിച്ചത്.എന്തായിരുന്നു അപ്പോളുണ്ടായ പുകിൽ കേരളത്തിൽ?ന്യൂനപക്ഷ വിരുദ്ധർ എന്നും മാർക്സിസ്റ്റ് പ്രേതങ്ങൾ എന്നും വിളിച്ച് വനിതാ കമ്മീഷനെ ആക്ഷേപിയ്ക്കുകയല്ലേ സഭ ചെയ്തത്?പരിശുദ്ധ കാനോൻ നിയമങ്ങൾക്കു മീതെ കൈ വയ്ക്കുകയാണു സർക്കാർ എന്നു വരെ പ്രചരിപ്പിച്ചു.എന്നാൽ സിസ്റ്റർ അഭയയുടെ ദുരൂഹമരണത്തിനും, ആലപ്പുഴക്കാരി സിസ്റ്ററുടെ പ്രണയ കഥകൾക്കും, സിസ്റ്റർ അനുപമയുടെ ആത്മഹത്യയ്ക്കും ഉത്തരങ്ങൾ കണ്ടെത്താൻ മാത്രം അവർക്കു കഴിഞ്ഞില്ല.മുട്ടിനു മുട്ടിനു ഇടയ ലേഖനങ്ങൾ എഴുതി കമ്മ്യൂണിസ്റ്റുകാർക്കെതിരെ സംഘടിയ്ക്കാൻ ആഹ്വാനം ചെയ്ത് അവർ ആത്മ സംതൃപ്തി നേടി.എന്നാലും രക്ഷയുണ്ടോ? അടിച്ചമർത്താൻ ശ്രമിക്കുന്തോറും ഉയിർത്തെഴുനേൽക്കുന്ന “പീഢിപ്പിയ്ക്കപ്പെടുന്നവരുടെ പുണ്യവാളത്തി”സിസ്റ്റർ അഭയ അവരുടെ ഉറക്കം കെടുത്തി.ഇപ്പോളിതാ ഈ നെറികേടുകളുടെ ജീവിയ്ക്കുന്ന ഉദാഹരണമായി സിസ്റ്റർ ജെസ്മിയും.എത്രയോ വർഷങ്ങൾക്കു മുൻ‌പ് ഈ പൌരോഹിത്യ ധാർഷ്യത്തിനും അഴിമതികൾക്കും എതിരായി ഒറ്റയ്ക്ക് പൊരുതിയ പൊൻ‌കുന്നം വർക്കിയേപ്പോലുള്ളവർ എത്ര ക്രാന്ത ദർശികളും ധീരന്മാരും ആയിരുന്നു എന്ന് ഈ തലമുറ അറിയേണ്ടതാണ്.

കത്തോലിക്കാ സഭ നേരിടുന്ന വിവിധങ്ങളായ വിഷയങ്ങൾ സിസ്റ്റർ ജെസ്മിയുടെ പുസ്തകത്തിൽ കാണാം.കേവലം ലൈംഗിക അരാജകത്വത്തെക്കുറിച്ചു മാത്രമല്ല ഈ പുസ്തകം ആവശ്യപ്പെടുന്ന ചർച്ച.മറിച്ച് കന്യാസ്ത്രീ മഠങ്ങളിലെ നരകതുല്യമായ ജീവിതം,സ്വാതന്ത്ര്യത്തിനു നേരെയുള്ള സഭയുടെ വാതിൽ കൊട്ടിയടയ്ക്കൽ, അഴിമതി, സ്വജന പക്ഷപാതം എന്നിവയൊക്കെ സിസ്റ്റർ എടുത്തെഴുതുന്നു.


അടിമുടി മാറിയെങ്കിൽ മാത്രമേ രണ്ടായിരം വർഷം പഴക്കമുണ്ടെന്ന് പറയുന്ന കേരളീയ സഭയ്ക്കു ഇനി പിടിച്ചു നിൽക്കാനാവുകയുള്ളൂ.അതിനവർ വാതായനങ്ങൾ തുറന്നിടണം.മാറിയ ലോകത്തിന്റെ ശുദ്ധവായു ഉള്ളിൽ കടക്കാൻ അനുവദിയ്ക്കണം.പ്രസംഗിയ്ക്കുന്നതേ പ്രവർത്തിയ്ക്കൂ എന്ന അവസ്ഥ ഉണ്ടാകാണം.സിസ്റ്റർ ജെസ്മിയെപ്പോലുള്ളവരുടെ പ്രവർത്തനങ്ങൾ സാർത്ഥകമാകുന്നത് അപ്പോൾ മാത്രമാവും.അല്ലെങ്കിൽ എത്രയോ അഭയമാർ, എത്രയോ അനുപമമാർ, എത്രയോ ലിസമാർ ഈ സമൂഹത്തിനു നേരേ വീണ്ടും ചോദ്യചിഹ്നങ്ങൾ ഉയർത്തും.

സിസ്റ്റർ ജെസ്മിയ്ക്കു പറയാനുള്ളതും അതു തന്നെയാണ്.ഈ വീഡിയോ അതു കൂടുതൽ വ്യക്തമാക്കി തരികയും ചെയ്യുന്നു.